Wednesday, August 23, 2006

വാസ്വാപ്പനും മാങ്ങയും

കൊരേച്ചാല്‍ സെന്ററില്‍ തന്നെ കാണുന്ന ഓടിട്ട വീടാണ്‌ വാസ്വാപ്പന്റേത്‌. യഥാര്‍ഥ പേര്‌ വേറെന്തോ ആണ്‌ അതെന്താണെന്ന് എനിക്കും അറിയില്ല. എന്തായാലും കൊരേച്ചാലിലെ കുട്ടി കൂളികള്‍ മുതല്‍ സി.സി. അടയാറായവര്‍ വരെ വാസ്വാപ്പാന്നേ വിളിക്കൂ. ആള്‌ കാണാന്‍ നല്ല ജെന്റിലാണ്‌- ഉയരം കുറഞ്ഞ്‌, മരോട്ടിക്കാ പോലെയുള്ള തലയും അതിലെ കുറ്റിമുടിയും ..ആ തലയില്‍ പണ്ട്‌ ഒരുപാട്‌ ചുരുളന്‍ മുടികളുണ്ടായിരുന്നെന്നും വയസ്സായപ്പോള്‍ അത്‌ ലോപിച്ച്‌ ലോപിച്ച്‌ ലോപസന്ധിയായതാണെന്നും വാസ്വാപ്പന്‍ ഇടക്കിടക്ക്‌ ഊന്നിപ്പറയാറുണ്ട്‌-
ജോലി സീസണല്‍ - കല്യാണ ബ്രോക്കര്‍, പിന്നെ ചക്ക, മാങ്ങ എന്നീ നാടന്‍ ഫ്രൂട്ട്സിന്റെ കച്ചവടം. അങ്ങിനെ ടോട്ടലി ആളൊരു കച്ചവടക്കാരനാണ്‌.
മറ്റു ബ്രോക്കര്‍മാരെപ്പോലെ കൈയില്‍ സദാ ഡയറിയൊന്നും വാസ്വാപ്പന്‍ കൊണ്ടുനടക്കാറില്ല. വെള്ളമുണ്ടും ഷര്‍ട്ടും, പിന്നെ ഒരുകെട്ടു കാജാ ബീഡിയും.. അതാണു വാസ്വാപ്പന്‍.
മാങ്ങാക്കാലമായാല്‍ വാസ്വാപ്പന്റെ യൂണിഫോമിലും ചെയ്ഞ്ചുണ്ട്‌.. ഒരു പുള്ളിമുണ്ട്‌.. ചിലപ്പോള്‍ നൊ ഷര്‍ട്ട്‌ തലയില്‍കെട്ട്‌ പ്ലസ്സ്‌ കൈയില്‍ വണ്‍ മിസ്റ്റര്‍ തോട്ടി (മാങ്ങാ തോട്ടി).
കൊരേച്ചാല്‍ സെന്റ്രറില്‍ ബസ്സു കാത്തുനില്‍ക്കുമ്പോള്‍ ചീറിവരുന്ന ഒരു ഓട്ടോ അതില്‍ നിന്നും ആദ്യം തോട്ടിയും പിന്നെ വാസ്വാപ്പനും സ്ലോമോഷനില്‍ ഒരിറക്കമുണ്ട്‌.. അതൊരു വാസ്വാപ്പന്‍ സ്റ്റെയിലുതന്നെയാണ്‌.
കൊരേച്ചാലുകാര്‍ ഓട്ടോറിക്ഷ കണ്ടുപിടിക്കുന്നതിനുമുമ്പ്‌ വാസ്വാപ്പന്‍ തലച്ചുമടായാണ്‌ മാങ്ങയും മറ്റും കൊണ്ടുവന്നിരുന്നത്‌.
ആയകാലത്ത്‌ അങ്ങിനെ മാങ്ങയും കൊണ്ടുവരുന്ന വഴികളില്‍ പെണ്ണുങ്ങള്‍ കുട്ടികളടക്കം ക്യൂ നില്‍ക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു.. മറ്റൊന്നിനുമല്ല..വാസ്വാപ്പന്‍ വരുമ്പോളൊരുചോദ്യംണ്ട്‌.."എന്തൂട്ടാ വാസ്വാപ്പാ കൊട്ടേല്‌" "കൊട്ടേലിത്തിരി മാങ്ങ്യാടീ" "എന്നാ.. ചമ്മന്ത്യരക്കാനൊരുമാങ്ങതാ വാസ്വാപ്പാ.. ". പിന്നെ കൊട്ട താഴെ ഇറക്കലായി ആവശ്യത്തിനുള്ള മാങ്ങ നയാപൈസകൊടുക്കാതെ കിട്ടിയ സന്തോഷത്തില്‍ പെണ്ണൂങ്ങള്‍ അവരവരുടെ വഴിക്കുപോകും .
ഈ കലാപരിപാടി മാങ്ങയും കൊണ്ടുവരുന്ന ദിവസങ്ങളില്‍ മുടക്കമില്ലാതെ അരങ്ങേറിയപ്പോള്‍ വാസ്വാപ്പന്റെ കച്ചോടത്തിലെ ലാഭം കുറയാന്‍ തുടങ്ങി. വഴി മാറി നടന്നു നോക്കിയിട്ടും കൊട്ടേലെ മാങ്ങേടെ എണ്ണം കുറയുന്ന കലാപരിപാടിക്ക്‌ ഒരു കുറവും വന്നില്ല.. വാസ്വാപ്പന്‌ സഹികെട്ടു തുടങ്ങി.. ഇല്ല്യാത്ത കാശുണ്ടാക്കി ചെയ്യുന്ന പണിയാണ്‌...അതിനെടേലാണ്‌ പെണ്ണുങ്ങളുടെ ലീലാവിലാസം.. വല്ലതും പറഞ്ഞാലതുമതി പിന്നെ അങ്കത്തിനും ആറാട്ടിനും.. ഇതിനെന്താണൊരു വഴി..പണി .
നിര്‍ത്തണൊ വേണ്ടയോ ?
രണ്ടും കല്‍പിച്ച്‌ ആശാന്‍ വീണ്ടും പണിക്കിറങ്ങി.. ഫലം തഥൈവ.
അങ്ങിനൊരിക്കല്‍ തലയില്‍ മാങ്ങാകുട്ടയുമായി വാസ്വാപ്പന്‍ വരുമ്പോള്‍, നാരാണേട്ടന്റെ ഭാര്യ കല്ല്യാണ്യേച്ചി കള്ളച്ചിരിയുമായി വിളിച്ചു ചോദിച്ചു "വാസ്വാപ്പാ കൊട്ടേലെന്താ.."
പതിവു ചോദ്യം കേട്ട വാസ്വാപ്പന്‌ പെരുത്തുകയറിയെങ്കിലും കല്ല്യാണ്യേച്ചിയുടെ മുഖത്തേക്കു നോക്കാതെ ഇടവഴിയുടെ അനന്തതയിലേക്കു മിഴികളൂന്നി മാങ്ങാക്കൂട്ടയുടെ ഭാരത്തിന്റെ ആയാസത്തില്‍ വാസ്വാപ്പന്‍ നടന്നുകൊണ്ട്‌ ഈണത്തില്‍ പറയാന്‍ തുടങ്ങി.." കൊട്ടേല്‌ ....കൊട്ടേല്‌ .....കൊട്ടേല്‌ .......കൊട്ടേല്‌ .......കൊട്ടേല്‌ ....കൊട്ടേല്‌ ...." ഇങ്ങനെ ഒരു ആറു കൊട്ടേല്‌ പറഞ്ഞപ്പോഴേക്കും വാസ്വാപ്പന്‍ കല്ല്യാണ്യേച്ചിയെ 'കവറു' ചെയ്തു കഴിഞ്ഞു വീണ്ടും രണ്ട്‌ കൊട്ടേലുകൂടി പറഞ്ഞപ്പോഴേക്കും കല്ല്യാണ്യേച്ചിയില്‍ നിന്നും കൂറച്ചുകൂടി അകലത്തിലായി...പിന്നെ വാസ്വാപ്പന്‍ പറഞ്ഞു.."........കൊട്ടേല്‌ കൊട്ടേല്‌ കൊട്ടേലിത്തിരി മാങ്ങ്യാടീ............".ഈ പോക്കും കണ്ട്‌ കല്ല്യാണ്യേച്ചി മൂക്കത്ത്‌ വിരലും വച്ചുനിന്നു എന്നാണ്‌ ചെത്തുകാരന്‍ ഗോപി പറഞ്ഞത്‌.

0 Comments:

Post a Comment

<< Home