Thursday, August 24, 2006

ആനയും ഉറുമ്പും

ആനയും ഉറുമ്പും റെയില്‍ വേ സ്റ്റേഷനിലെത്തി. ആ സമയത്ത്‌ ജനശതാബ്ദി എക്സ്പ്രസ്സ്‌ വന്നു. അപ്പോള്‍ ഉറുമ്പു പറഞ്ഞു "എഡാ.. ആനേ...., ആ വരുന്ന ട്രെയിന്‍ ഞാന്‍ ഡൊണേറ്റു ചെയ്തതാഡേ..."
ഇതുകേട്ട്‌ ആന പറഞ്ഞു.. "എഡാ പുളുവീരാ.... നീയതു തെളിയിക്കാണെങ്കില്‍ ഞാന്‍ നിനക്കു നൂറു രൂപ തരാം.
ബുദ്ധിമാനായ ഉറുമ്പ്‌ തൊട്ടടുത്തു നിന്നിരുന്ന ജിറാഫിന്‌ 10 രൂപ കൊടുത്ത്‌ ആ വരുന്ന ട്രെയിന്‍ ഉറുമ്പു കൊടുത്തതാണെന്നു ആനയോടു പറയ്യാന്‍ പറഞ്ഞു..
അങ്ങിനെ ആന മല്‍സരത്തില്‍ തോറ്റു. ആകെ കൈയ്യിലുണ്ടായിരുന്ന 100 രൂപയും പോയി പേഴ്സ്‌ കാലിയായി.... ഇനിയെന്തൊരു വഴി ആന വിഷണ്ണനായി. ആസമയം.. രാജധാനി എക്സ്പ്രസ്സ്‌ വന്നുകൊണ്ടിരിക്കാര്‍ന്നു
അപ്പോള്‍ ആന ഉറുമ്പിനോടു പറഞ്ഞു
എഡാ ഉറുമ്പേ ആ വരുന്ന ട്രെയിന്‍ ഞാന്‍ 'ഡൊണേറ്റു ചെയ്തതാഡാ.....
ഉറുമ്പിനറിയാമായിരുന്നു ആനയുടെ പേഴ്സ്‌ കാലിയാണെന്ന്. താന്‍ ചെയ്ത പോലെ കൈക്കൂലി കൊടുക്കന്‍ പറ്റില്ലെന്നുറപ്പായ ഉറുമ്പ്‌ അഹങ്കാരപൂര്‍വ്വം പറഞ്ഞു നിന്റെ വാദം ആരെങ്കിലും തെളിയിക്കാണേങ്കില്‍ ഞാന്‍ നിനക്ക്‌ 1000 രൂപ നല്‍കാം
പാവം ആന കുറച്ചു സമയം ചിന്തിച്ചു നിന്നു......
എന്തായാലും അവസാനം ആന പന്തയത്തില്‍ ജയിച്ചു
എങ്ങി നെ?


ചിന്തിക്കൂ......





റെയില്‍ വേ അനൌണ്‍സ്‌ മെന്റ്‌
"യാത്രക്കാരുടെ ശ്രദ്ധക്ക്‌, രാജധാനി എക്സ്പ്രസ്സ്‌ ആനേകി സംഭാവനാഹെ..."

Wednesday, August 23, 2006

an usharu mandan

വാസ്വാപ്പനും മാങ്ങയും

കൊരേച്ചാല്‍ സെന്ററില്‍ തന്നെ കാണുന്ന ഓടിട്ട വീടാണ്‌ വാസ്വാപ്പന്റേത്‌. യഥാര്‍ഥ പേര്‌ വേറെന്തോ ആണ്‌ അതെന്താണെന്ന് എനിക്കും അറിയില്ല. എന്തായാലും കൊരേച്ചാലിലെ കുട്ടി കൂളികള്‍ മുതല്‍ സി.സി. അടയാറായവര്‍ വരെ വാസ്വാപ്പാന്നേ വിളിക്കൂ. ആള്‌ കാണാന്‍ നല്ല ജെന്റിലാണ്‌- ഉയരം കുറഞ്ഞ്‌, മരോട്ടിക്കാ പോലെയുള്ള തലയും അതിലെ കുറ്റിമുടിയും ..ആ തലയില്‍ പണ്ട്‌ ഒരുപാട്‌ ചുരുളന്‍ മുടികളുണ്ടായിരുന്നെന്നും വയസ്സായപ്പോള്‍ അത്‌ ലോപിച്ച്‌ ലോപിച്ച്‌ ലോപസന്ധിയായതാണെന്നും വാസ്വാപ്പന്‍ ഇടക്കിടക്ക്‌ ഊന്നിപ്പറയാറുണ്ട്‌-
ജോലി സീസണല്‍ - കല്യാണ ബ്രോക്കര്‍, പിന്നെ ചക്ക, മാങ്ങ എന്നീ നാടന്‍ ഫ്രൂട്ട്സിന്റെ കച്ചവടം. അങ്ങിനെ ടോട്ടലി ആളൊരു കച്ചവടക്കാരനാണ്‌.
മറ്റു ബ്രോക്കര്‍മാരെപ്പോലെ കൈയില്‍ സദാ ഡയറിയൊന്നും വാസ്വാപ്പന്‍ കൊണ്ടുനടക്കാറില്ല. വെള്ളമുണ്ടും ഷര്‍ട്ടും, പിന്നെ ഒരുകെട്ടു കാജാ ബീഡിയും.. അതാണു വാസ്വാപ്പന്‍.
മാങ്ങാക്കാലമായാല്‍ വാസ്വാപ്പന്റെ യൂണിഫോമിലും ചെയ്ഞ്ചുണ്ട്‌.. ഒരു പുള്ളിമുണ്ട്‌.. ചിലപ്പോള്‍ നൊ ഷര്‍ട്ട്‌ തലയില്‍കെട്ട്‌ പ്ലസ്സ്‌ കൈയില്‍ വണ്‍ മിസ്റ്റര്‍ തോട്ടി (മാങ്ങാ തോട്ടി).
കൊരേച്ചാല്‍ സെന്റ്രറില്‍ ബസ്സു കാത്തുനില്‍ക്കുമ്പോള്‍ ചീറിവരുന്ന ഒരു ഓട്ടോ അതില്‍ നിന്നും ആദ്യം തോട്ടിയും പിന്നെ വാസ്വാപ്പനും സ്ലോമോഷനില്‍ ഒരിറക്കമുണ്ട്‌.. അതൊരു വാസ്വാപ്പന്‍ സ്റ്റെയിലുതന്നെയാണ്‌.
കൊരേച്ചാലുകാര്‍ ഓട്ടോറിക്ഷ കണ്ടുപിടിക്കുന്നതിനുമുമ്പ്‌ വാസ്വാപ്പന്‍ തലച്ചുമടായാണ്‌ മാങ്ങയും മറ്റും കൊണ്ടുവന്നിരുന്നത്‌.
ആയകാലത്ത്‌ അങ്ങിനെ മാങ്ങയും കൊണ്ടുവരുന്ന വഴികളില്‍ പെണ്ണുങ്ങള്‍ കുട്ടികളടക്കം ക്യൂ നില്‍ക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു.. മറ്റൊന്നിനുമല്ല..വാസ്വാപ്പന്‍ വരുമ്പോളൊരുചോദ്യംണ്ട്‌.."എന്തൂട്ടാ വാസ്വാപ്പാ കൊട്ടേല്‌" "കൊട്ടേലിത്തിരി മാങ്ങ്യാടീ" "എന്നാ.. ചമ്മന്ത്യരക്കാനൊരുമാങ്ങതാ വാസ്വാപ്പാ.. ". പിന്നെ കൊട്ട താഴെ ഇറക്കലായി ആവശ്യത്തിനുള്ള മാങ്ങ നയാപൈസകൊടുക്കാതെ കിട്ടിയ സന്തോഷത്തില്‍ പെണ്ണൂങ്ങള്‍ അവരവരുടെ വഴിക്കുപോകും .
ഈ കലാപരിപാടി മാങ്ങയും കൊണ്ടുവരുന്ന ദിവസങ്ങളില്‍ മുടക്കമില്ലാതെ അരങ്ങേറിയപ്പോള്‍ വാസ്വാപ്പന്റെ കച്ചോടത്തിലെ ലാഭം കുറയാന്‍ തുടങ്ങി. വഴി മാറി നടന്നു നോക്കിയിട്ടും കൊട്ടേലെ മാങ്ങേടെ എണ്ണം കുറയുന്ന കലാപരിപാടിക്ക്‌ ഒരു കുറവും വന്നില്ല.. വാസ്വാപ്പന്‌ സഹികെട്ടു തുടങ്ങി.. ഇല്ല്യാത്ത കാശുണ്ടാക്കി ചെയ്യുന്ന പണിയാണ്‌...അതിനെടേലാണ്‌ പെണ്ണുങ്ങളുടെ ലീലാവിലാസം.. വല്ലതും പറഞ്ഞാലതുമതി പിന്നെ അങ്കത്തിനും ആറാട്ടിനും.. ഇതിനെന്താണൊരു വഴി..പണി .
നിര്‍ത്തണൊ വേണ്ടയോ ?
രണ്ടും കല്‍പിച്ച്‌ ആശാന്‍ വീണ്ടും പണിക്കിറങ്ങി.. ഫലം തഥൈവ.
അങ്ങിനൊരിക്കല്‍ തലയില്‍ മാങ്ങാകുട്ടയുമായി വാസ്വാപ്പന്‍ വരുമ്പോള്‍, നാരാണേട്ടന്റെ ഭാര്യ കല്ല്യാണ്യേച്ചി കള്ളച്ചിരിയുമായി വിളിച്ചു ചോദിച്ചു "വാസ്വാപ്പാ കൊട്ടേലെന്താ.."
പതിവു ചോദ്യം കേട്ട വാസ്വാപ്പന്‌ പെരുത്തുകയറിയെങ്കിലും കല്ല്യാണ്യേച്ചിയുടെ മുഖത്തേക്കു നോക്കാതെ ഇടവഴിയുടെ അനന്തതയിലേക്കു മിഴികളൂന്നി മാങ്ങാക്കൂട്ടയുടെ ഭാരത്തിന്റെ ആയാസത്തില്‍ വാസ്വാപ്പന്‍ നടന്നുകൊണ്ട്‌ ഈണത്തില്‍ പറയാന്‍ തുടങ്ങി.." കൊട്ടേല്‌ ....കൊട്ടേല്‌ .....കൊട്ടേല്‌ .......കൊട്ടേല്‌ .......കൊട്ടേല്‌ ....കൊട്ടേല്‌ ...." ഇങ്ങനെ ഒരു ആറു കൊട്ടേല്‌ പറഞ്ഞപ്പോഴേക്കും വാസ്വാപ്പന്‍ കല്ല്യാണ്യേച്ചിയെ 'കവറു' ചെയ്തു കഴിഞ്ഞു വീണ്ടും രണ്ട്‌ കൊട്ടേലുകൂടി പറഞ്ഞപ്പോഴേക്കും കല്ല്യാണ്യേച്ചിയില്‍ നിന്നും കൂറച്ചുകൂടി അകലത്തിലായി...പിന്നെ വാസ്വാപ്പന്‍ പറഞ്ഞു.."........കൊട്ടേല്‌ കൊട്ടേല്‌ കൊട്ടേലിത്തിരി മാങ്ങ്യാടീ............".ഈ പോക്കും കണ്ട്‌ കല്ല്യാണ്യേച്ചി മൂക്കത്ത്‌ വിരലും വച്ചുനിന്നു എന്നാണ്‌ ചെത്തുകാരന്‍ ഗോപി പറഞ്ഞത്‌.

Tuesday, August 22, 2006

തുടക്കം

ഒരു ദിവസം തിരുവനന്തപുരം ടെക്നോ പാര്‍ക്കിലുള്ള എന്റെ സുഹൃത്ത്‌ ദേവരാജശര്‍മ്മ ഒരു മെയില്‍ (കൊടകരപുരാണം) അയച്ചു തന്നു. അതു വായിച്ച്‌ ചിരിച്ച്‌ എന്റെ കണ്ട്രോള്‍ പോയി.. അതാണെന്റെ പ്രചോദനം... ഇങ്ങിനേയും എഴുതാം എന്ന കണ്ടെത്തല്‍ എനിക്ക്‌ "ഭയങ്കര " ഇഷ്ടായി... ഏതെങ്കിലും സ്റ്റെയിലുകള്‍ കൊടകരപുരാണത്തില്‍ നിന്നും കടന്നുവന്നിട്ടുണ്ടെങ്കില്‍ അതൊന്നും അറിഞ്ഞോണ്ടല്ല.... മന:പൂര്‍വ്വല്ലേ!!!!!
'കൊടകരപുരാണക്കാരന്‍ എന്റെ ബ്ലോഗിന്റെ പ്രചോദകന്‍'

ഇറക്കത്താരാ സാറേ...

മറ്റത്തൂര്‍ പഞ്ചായത്തിന്റെ കിഴക്കേ മൂലയിലാണു വെള്ളിക്കുളങ്ങര എന്ന സ്ഥലം.കാടും പടലും നിറഞ്ഞ പ്രശാന്ത സുന്ദരമായ കാട്ടു പ്രദേശം. കള്ള വാറ്റും ഡീസന്റ്‌ വാറ്റും കുടില്‍ വ്യവസായമായും അല്ലാതേയും ഇഷ്ടം പോലെ നടന്നിരുന്ന ഒരുകാലം ഇന്നാടിനുണ്ടായിരുന്നു..കുറച്ചൊക്കെ ഇപ്പോഴും. അവിടെയാണ്‌ മറ്റത്തൂര്‍ പഞ്ചായത്തിലെ പോലീസ്‌ സ്റ്റേഷന്‍.ആദ്യകാലങ്ങളില്‍ വാറ്റും അനുബന്ധ മെഷീന്‍സുമെല്ലാം തലച്ചുമടായാണ്‌ കൊണ്ടുവന്നിരുന്നത്‌.. കാലം അമേരിക്കയിലും ജപ്പാനിലും റോക്കറ്റുവേഗതയില്‍ പുരോഗതിയിലേക്കു കുതിച്ചപ്പോള്‍ അവര്‍ക്കൊരു കമ്പനിക്കായിട്ടുമാത്രം ചെറിയൊരു എലിവാണത്തില്‍ വെള്ളിക്കുളങ്ങരയും കുതിക്കാന്‍ തുടങ്ങി. അതിനെ ഫലമായി കാളവണ്ടി, ഉന്തുവണ്ടി, സൈക്കിള്‍, സൂട്ടര്‍, ബൈക്ക്‌, പുതുക്കാട്‌ ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റില്‍ നിന്നും ഒരു ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്‌ എന്നിങ്ങനെയൊക്കെയായി വെള്ളിക്കുളങ്ങരയും കിതച്ചു കൊണ്ടു കുതിക്കാന്‍ തുടങ്ങി.നാടിന്റെ പുരോഗതി നാട്ടാരിലും കാണാം.കള്ളവാറ്റിനും കള്ളത്തടിവെട്ടും മൊഡേണ്‍ ടെക്‌ നോളജി ഉപയോഗിക്കാന്‍ തുടങ്ങി.ഇതിന്റെയൊക്കെ മാറ്റം ഇവിടത്തെ തലതെറിച്ച പിള്ളേരിലും കാണാം. മുലകുടിമാറാത്ത പൈതങ്ങള്‍ വരെ ബൈക്കില്‍ ട്‌................ റോം ന്നുപറഞ്ഞു പാഞ്ഞു പോകുന്നത്‌. ഈ മരണപ്പാച്ചില്‍ കണ്ടോന്റെ ദേഹത്തേക്കെല്ലം ആയിതുടങ്ങിയപ്പോള്‍.. വെള്ളിക്കുളങ്ങരയിലെ സാറന്മാര്‍ രംഗത്തിറങ്ങി.. പിന്നെ മുട്ടിനു മുട്ടിനു ചെക്കിംഗ്‌, പിടിച്ചാല്‍ ലൈസന്‍സില്ലാത്ത കുമാരന്മാര്‍ക്ക്‌ പണികൊടുക്കല്‍. സാറന്മാരുടെ കൈയ്യില്‍പ്പെടതിക്കാന്‍, പാഞ്ഞുപോകും വഴി "അപ്രത്ത്‌ ചെക്കിങ്ങുണ്ട്രാ.." എന്ന ഏതെങ്കിലും അഭ്യുതയകാംക്ഷിയുടെ 'സിഗ്നല്‍' കേട്ടപാതികേള്‍ക്കത്ത പാതി ഇല്ല്യാത്ത ബ്രേക്ക്‌ ഉണ്ടാക്കി ചവിട്ടി ഡ്രൈവിംഗ്‌ ടെസ്റ്റിനുപോയപ്പോള്‍ എടുക്കാന്‍പറ്റഠിരുന്ന 8 ന്റെ കര്‍വ്വ്‌ ഈസിയായെടുത്ത്‌ സൈഡൊതുക്കാന്‍ തുടങ്ങി. എങ്ങാനും കൈയ്യില്‍പ്പെട്ടാല്‍ രസകരവും അല്ലാത്തതുമായ പല 'പണിഷ്‌ മെന്റുകള്‍' പതിവാണ്‌ .കഥാനായകന്‍ കുമാരന്‍- വയസ്സ്‌ 20, കണ്ടാല്‍ പ്രായം തോന്നുകയേയില്ല, മീശ : വന്നിട്ടില്ല, ജോലി: വയറിംഗ്‌ പണിക്കുപോകുന്ന ദിവാകരേട്ടന്റെ കൂടെ അസിസ്റ്റന്റ്‌ ആയി പോയി ദിവാകരേട്ടനെ അസിസ്റ്റന്റ്‌ ആക്കി പണിയെടുപ്പിക്കുക.. ഡ്രൈവിംഗ്‌ ലൈസന്‍സ്‌: എടുത്തിട്ടില്ല. പെങ്ങളുടെ കെട്ടിയോന്‍ വരുമ്പോള്‍ അളിയന്റെ ബൈക്കും കൊണ്ട്‌ കോടാലിയിലൂടെ ഒന്നു "പാറ്റിവീശുക" പയ്യന്റെ ഒരു സ്റ്റൈലാണ്‌. ഇതൊക്കെയായി കാലമങ്ങിനെ പോകവേ. ഒരു ദിവസം ലൈസന്‍സില്ലാതെ ബൈക്കോടിച്ചതിന്‌ മഹാനായ കുമാരനെയും പോലീസുപൊക്കി. ഇനിയെല്ലാം കുമാരന്റെ വാക്കുകളിലൂടെനേരേ വെള്ളിക്കുളങ്ങരയിലേക്ക്‌.. അന്നത്തെ എസ്‌.ഐ. ദാമോദരന്‍ സാറ്‌ എന്നെ വളരെ ക്രൂരമായൊന്നു നോക്കി.. ആ നോട്ടത്തില്‍ സത്യത്തില്‍ എന്റെ പെരുവിരലില്‍ നിന്നും കയറിയ ഒരു വിറയല്‍ എന്നെ കൊടുങ്ങല്ലൂര്‍ ഭരണിക്ക്‌ തുള്ളുന്ന കോമരം പോലെയാക്കി. പരിചയക്കാരാരെങ്കിലും ഉണ്ടോയെന്നു ചുറ്റും തിരഞ്ഞ ഞാന്‍, നാടോടിക്കാറ്റ്‌ സിനിമയില്‍ പോലീസ്‌ സ്റ്റേഷനില്‍ എത്തപ്പെട്ട ദാസന്റേയും വിജയന്റേയും കഥയോര്‍ത്ത്‌ ഒന്നാശ്വസിച്ചു."നിന്റെ പേരെന്താഡാ......."എസ്‌ ഐ യുടെ ആദ്യചോദ്യം കേട്ടപ്പോള്‍ത്തന്നെ എന്റെ ഹൃദയത്തിന്റെ മസില്‌ പുറത്തേക്കു തള്ളുമെന്നു തോന്നി.. വിറച്ചുകൊണ്ട്‌ ഞാനുത്തരം നല്‍കി"കുമാരന്‍""കണ്ടാല്‍ കേശവനാന്നു തോന്നുന്നല്ലോടാ.."അല്ല സാറെ ഞാന്‍ കുമാരനാ..""നിയ്യെന്തിനാടാ ലൈസന്‍സില്ലാതെ വണ്ടിയോടിച്ചത്‌..""സാറേ.. വെറുതെ..""വെറുതെ ഒരു രസത്തിന്‌ അല്ലേടാ" "അതെ സാറേ..""ങാഹാാ.. നീ വെറുതെ രസത്തിന്‌ വണ്ടിയോടിക്കും അല്ലേടാ.." കൈയ്യോങ്ങിക്കൊണ്ടുള്ള ആ ചോദ്യം കേട്ടപ്പോള്‍ ഞാനുറപ്പിച്ചു അടി വീണൂ.. പക്ഷേ അതെന്നെയൊന്നു പേടിപ്പിക്കാനായിരുന്നു.."രസത്തിന്‌ നിനക്ക്‌ വണ്ടിയോടിക്കണോ സൈക്കിള്‍ ചവിട്ട്യാപ്പോരേഡാാ...""മതി സാറേ..""എടോ തോമാസ്സേ... ഇവനോരു സൈക്കിള്‍ കൊടുക്കെടാ.. അവന്‍ ചവിട്ടിക്കോട്ടേ.." എന്ന്‌ ഹെഡ്‌ കോണ്‍സ്റ്റബിളിനോടു പറഞ്ഞ്‌ എസ്‌. ഐ. അകത്തേക്കുപോയി.ഹാവൂ.. ന്ന് ഞാന്‍ മനസ്സില്‍ ആശ്വസിച്ചു. കുറച്ചു നേരം സൈക്കിള്‍ ചവിട്ട്യാല്‍പോരേ..ഞാനങ്ങിനെ മനസ്സമാധാനത്തോടെ നില്‍ക്കവേ തോമാസ്സാര്‍ ഒരു ബെഞ്ച്‌ കൊണ്ടുവന്നിട്ടു."ഹൊ എന്തൊരു മര്യാദ സ്റ്റേഷന്‍" എന്നു ഞാന്‍ മനസ്സിലോര്‍ത്തു."ആ ബഞ്ചില്‍ പോയിരിക്കേടാ.." എന്ന തോമാസ്സാറിന്റെ കല്‍പന കേട്ട പാതി കേള്‍ക്കാത്തപാതി ഞാനതില്‍ ആശ്വാസത്തോടെയിരുന്നു."ഭ....!!!!!, നിയ്യെന്താ പെണ്ണുകാണാന്‍ വന്നിരിക്കാണോടാ...മോനേ.." തോമാസ്സാറിന്റെ അടുത്ത ചോദ്യത്തില്‍ ഞാനറിയാതെ എഴുന്നേറ്റുപോയി..."നിന്നോടാരാ എണീല്‍ക്കാന്‍ പറഞ്ഞേ.." എന്ന ചോദ്യം കേട്ടതും അടുത്തെ തെറിക്കുമുമ്പേ ഞാനിരുന്നു."അപ്രത്തേക്കും ഇപ്രത്തേക്കും കാലിട്ടിരിക്കെടാ.."പുലിമടയില്‍ വീണ എലിക്കുഞ്ഞിനേപ്പോലെ ഞാനനുസരിച്ചു."ങാ.. ഇപ്പോള്‍ നിനക്കുള്ള സൈക്കിളായി ഇനി ചവിട്ടി വീട്ടില്‍ പൊയ്ക്കോടാ....ഭാ!! ചവിട്ടെടാ കള്ളക്കഴുവേറി..." എന്ന കല്‍പനകേട്ട്‌ തരിച്ചിരിക്കാന്‍പോലും സമയംകിട്ടിയില്ല.കൊച്ചു പിള്ളേര്‍ സൈക്കിള്‍ ചവിട്ട്‌ അഭിനയിക്കുന്നതുപോലെ ഞാനാ ബഞ്ചിലിരുന്ന് സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങി."ഹേന്റിലിമ്മ്ന്ന് രണ്ടുകൈയ്യും വിട്ട്‌ ചവിട്ടാന്‍ നിന്റച്ഛന്‍ സൈക്കിളുചവിട്ടുകാരനാണ്ടാ... പിടിക്കെടാ ഹേന്റ്‌ ല്‌മ്മേ.." എന്ന ആക്രോശംകേട്ടപ്പോള്‍ ചുളുവിലോരു തന്തക്കുവിളി കേട്ടതിന്റെ ക്ഷീണത്തില്‍ ഇനിയൊരെണ്ണം കൂടി കേള്‍ക്കാനുള്ള ശേഷിയില്ലാത്തതിനാല്‍ ഇല്ലാത്ത ഹേന്റിലിമ്മേം പിടിച്ച്‌ ആഞ്ഞു ചവിട്ടാന്‍ തുടങ്ങി...ഇടക്ക്‌ ഒരോ സാറമ്മാര്‍ അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോള്‍ "സൈഡൊതുക്കി പോടേയ്‌.., എന്താണ്ടാ ആള്‍ക്കാരു പോകുമ്പോ ബെല്ലടിച്ചാ.." എന്നുള്ള സാരോപദേശങ്ങള്‍ ഫ്രീയായി കിട്ടുന്നുണ്ടായിരുന്നു..ഏകദേശം ഒരു അരമണിക്കൂറോളം ഞാനങ്ങിനെ സൈക്കിളും ചവിട്ടിയിരുന്നു... ഈ സമയങ്ങളില്‍ എന്റെ മുഖത്തു വിരിഞ്ഞ നവരസങ്ങള്‍ എസ്‌.ഐയും തോമാസ്സാറും, മറ്റുപോലീസുകാരുമൊക്കെ ആസ്വദിക്കുന്നതും, ഓരോ ചെറുപുഞ്ചിരികള്‍ വിരിയുന്നതും ഞാന്‍ കാണുന്നുണ്ടാര്‍ന്നു. ചവിട്ടി ചവിട്ടി എന്റെ കാലുകള്‍ കഴച്ചു ഇനിയൊരു ഇഞ്ചു പോലും ചവിട്ടാന്‍ വയ്യ എന്ന നിലയിലായി.. എന്തും വരട്ടേ എന്നു കരുതി ഒന്നു റെസ്റ്റെടുക്കാന്‍ ഞാന്‍ ചവിട്ടല്‍ നിര്‍ത്തി..അല്‍പനേരം കഴിഞ്ഞ്‌ തോമാസ്സാര്‍ വന്നപ്പോള്‍ ഞാന്‍ വെറുതെയിരിക്കാണ്‌ "എന്താണ്ടാ.. ചവിട്ടാത്തേ.." എന്ന ഒരല്‍പം മയം നിറഞ്ഞ ചോദ്യത്തിന്‌ എന്തും വരട്ടേയെന്നുകരുതി ഞാന്‍ പറഞ്ഞു... "ഞാനിപ്പോ കോപ്ലിപ്പാടം ഇറക്കത്താ... ഇറക്കത്താരാ സാറേ സൈക്കിള്‌ ചവിട്ടാ.."അടിവീഴുമെന്നു പേടിയുണ്ടായിരുന്നതുകൊണ്ട്‌ ഞാന്‍ കണ്ണിറുക്കിയടച്ചു..പക്ഷേ സ്റ്റേഷനില്‍ കൂട്ടച്ചിരിയാണു വീണത്‌.